കഥകൾ എന്നെ കബളിപ്പിച്ചു.
അവളതിമനോഹരിയാണ്.
അളന്ന് വയ്ക്കുന്ന കാലടികൾ.
കാറ്റിൽ കവിത കോറിയിടുന്ന വിരലുകൾ.
അവൾക്കാഭരണങ്ങളും ആടകളും ചേർച്ചയല്ല.
ആദ്യനക്ഷത്രം പിറവികൊള്ളുമ്പോൾ,
അവളുടെ കണ്ണുകൾ അവിടെയുണ്ടായിരുന്നു.
അവസാന തിരി തണുക്കുമ്പോഴും,
അവൾ അവിടെയുണ്ടാകും.
ആ കൽവിളക്ക് തൊട്ട് കണ്ണെഴുതാൻ.
മുടി.
ഇരുട്ടിന്റെ കറുപ്പാണ്, കെട്ടിയിട്ടില്ല
മുഖത്തേക്ക് വീഴുന്നവയെ വകഞ്ഞു മാറ്റുന്നുമില്ല.
ആ കൈ പിടിച്ച് ഞാൻ നടന്നു.
അവൾക്കനുകമ്പയും അറപ്പുമില്ല
അവളെങ്ങോട്ടും പോവുകയുമില്ല
എവിടെ നിന്നും വന്നതുമല്ല.
അവൾക്കർത്ഥവും നിർവചനവുമില്ല
അതിൻ്റെ ആവശ്യവുമില്ല.
അവൾ മരണമാണ്, പക്ഷെ...
കഥകളിലെ പോലെ അല്ല.
Comments
Post a Comment