Skip to main content

Posts

Showing posts from October 22, 2024

സൂര്യനുദിക്കുമ്പോൾ നിഴലുകൾ പോകുന്നിടം

 നാം വീണ്ടുമാകുന്നു അപരിചിത നിഴലുകൾ  അന്യോന്യമലയുന്നു പാരിൻ്റെ വെയിൽവഴി  തിരയുന്നു വീണ്ടുമാ നഷ്ടമാം മാത്രയെ  നിദ്രയുംവെടിഞ്ഞു നാം അന്തമായുഴലുന്നു നുണയുന്നു വീണ്ടുമാ ശൂന്യമാം വാക്കുകൾ  അർത്ഥം വെടിഞ്ഞ ജഡം പോലെയോർമകൾ നോവിൻ്റെനേരെയായ് പറക്കുന്നുഇരുവരും  ഉരുളുന്ന ഗോളത്തിൻ എതിർദിശയിൽ  ലക്ഷ്യമൊന്നാകിലും മാർഗ്ഗ മോന്നാകിലു- മോന്നിച്ചുനീങ്ങാൻ വിധിക്കപ്പെടാത്തവർ നിമിഷമഷികളിൽ ഒപ്പിട്ടുവച്ചുനാം അധികനാളുകളൊരുമിച്ചുവേണ്ടന്നു വാക്കൽ പറയാത്ത ഒരുനൂറു കാര്യങ്ങൾ  പറയാനറിയാത്ത ജീവൻ്റെ മന്ത്രങ്ങൾ  മനസ്സിൻ്റെ താളത്തിൽ കുറിച്ചിട്ടു നീ- യെൻ്റെ പേരും കടംതന്ന സ്വപ്നങ്ങളും നെഞ്ചിൻ്റെ നിഴലിലായ് ഞാനും കുഴിച്ചിട്ടു  നിനക്കായൊഴിച്ചിട്ട പ്രാണൻ്റെ ചില്ലകൾ  അകലേക്ക് നീപറന്നകലുന്ന കാഴ്ച്ചയിൽ  തപസ്സായിരിപ്പു ഞാൻ ജന്മാന്തരങ്ങളിൽ ഇനിയൊരു കവിതയുണ്ടെങ്കിലെൻ പ്രണയിനീ  നല്ലൊരു  കവിയുടെ മഷിയായ് വരാം